Monday, 16 June 2014

സിനിമയിലെ സേറ ജീവിതം കണ്ടപ്പോൾ



കൊച്ചി: ജീവിതത്തിലെ സേറയെ ആദ്യമായി കണ്ടപ്പോൾ സിനിമയിലെ  സേറ സ്നേഹം കൊണ്ട് പുണർന്ന് മൂർദ്ധാവിൽ ചുംബിച്ചു. അരികിലേക്ക് ചേർത്തുനിറുത്തി ഫോണിൽ സെൽഫിയെടുത്തു. ചുറ്റും കൂടിയവരുടെ മുഖങ്ങളിലും സന്തോഷം പടർന്നു...
വീൽചെയറിൽ ജീവിതത്തെ ചിരിച്ചു നേരിടുന്ന 'ബാംഗ്ളൂർ ഡെയ്സ്" സിനിമയിലെ സേറ വെറും കഥാപാത്രമല്ല. ബേബി ഫാത്തിമയായി കോഴിക്കോട്ട്  ജീവിച്ചിരിപ്പുണ്ട്. സംവിധായിക അഞ്ജലി മേനോന് സേറയെ കിട്ടിയത് ബേബി ഫാത്തിമയിൽ നിന്നാണ്.
കോഴിക്കോട് ചുള്ളിയോട് റോഡിൽ  22694 നമ്പർ വീട്ടിൽ ജമാലായിഷ- മുഹമ്മദ് കോയ ദമ്പതികളുടെ മകളാണ് ബേബി ഫാത്തിമ (30). പൂവിരിയുന്ന പ്രസന്നതയാണ് മുഖത്തെപ്പോഴും. ജന്മനാ അരയ്ക്ക് താഴേക്ക് തളർന്നെങ്കിലും ഒരിക്കൽ പോലും കരഞ്ഞിട്ടില്ല ഫാത്തിമ. വീൽചെയറിലിരുന്ന് പെയിന്റ് ചെയ്തും കരകൗശല വസ്തുക്കളുണ്ടാക്കിയും ജീവിതത്തെ നേരിട്ടു. വീടിനടുത്തുള്ള ഇൻസ്റ്റിട്ട്യൂട്ട് ഒഫ് പെയ്ൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ യാദൃച്ഛികമായി പോയതാണ് ജീവിതത്തെ മാറ്റിമറിച്ചത്. നാലു വർഷം കൊണ്ട് അന്തേവാസികളുടെ പ്രിയപ്പെട്ട വോളണ്ടിയറായി ബേബി ഫാത്തിമ.
പാലിയേറ്റീവ് സെന്ററിൽ ഒരു പരിപാടിക്ക് വന്നപ്പോൾ പ്രസരിപ്പോടെ ചുറ്റിലുമുണ്ടായിരുന്ന ഫാത്തിമ അഞ്ജലിയുടെ ഹൃദയത്തിൽ ചേക്കേറി. പരിചയം നല്ല സൗഹൃദമായി വളർന്നു. 'നിന്നെ ഞാൻ സിനിമയാക്കുമെന്ന്' വാക്കുനൽകി. ബാംഗ്ളൂർ ഡേയ്സ് കണ്ടിറങ്ങിയപ്പോൾ ഫാത്തിമയുടെ കണ്ണ് നിറഞ്ഞു, മനവും. സേറയായി ജീവിച്ച നടി പാർവതിയെ നേരിട്ട് കാണാൻ ആഗ്രഹം കലശലായി.
സിനിമയിൽ സേറ ഉപയോഗിക്കുന്ന വീൽച്ചെയറിന്റെ നിർമ്മാതാക്കളായ ഓസ്ട്രിച്ച് മൊബിലിറ്റി അതിന് അവസരമൊരുക്കി . കമ്പനിയുടെ 'ബാംഗ്ളൂർ ഡെയ്സ്' സ്പെഷ്യൽ എഡിഷൻ വീൽച്ചെയറിന്റെ ലോഞ്ചിംഗിൽ പാർവതിയും ബേബി ഫാത്തിമയും കണ്ടുമുട്ടി. സിനിമയെ കുറിച്ച് ബേബി ഫാത്തിമയും വീൽചെയറിലെ ജീവിതത്തെ പറ്റി പാർവതിയും കൗതുകത്തോടെ ഏറെ നേരം സംസാരിച്ചു.